Crime
വ്യാജ എന്‍സിസി ക്യാംപില്‍ 13 സ്‌കൂള്‍ കുട്ടികള്‍ക്ക് ലൈംഗികപീഡനം; ക്രൂരസംഭവം തമിഴ്‌നാട് കൃഷ്ണഗിരിയില്‍
കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊന്നതില്‍ രാജ്യത്താകമാനം പ്രതിഷേധം ആളിപ്പടരുന്നതിനിടയില്‍ തമിഴ്നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൃഷ്ണഗിരിയില്‍ എന്‍സിസിയുടെ (നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്) പേരില്‍ വ്യാജ ക്യാംപ് സംഘടിപ്പിച്ച് 13 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ്. സംഭവത്തില്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരും അടക്കം 11 പേരെ അറസ്റ്റ് ചെയ്തു.
കൃഷ്ണഗിരി ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ കുട്ടികളാണ് ചൂഷണത്തിന് ഇരയായത്. സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ അടുത്തുളള മറ്റൊരു സ്‌കൂളിനെ എന്‍സിസി ക്യാംപ് നടത്താനായി സമീപിക്കുകയായിരുന്നു. എന്‍സിസിയുടെ യൂണിറ്റ് പോലും ഇല്ലാതിരുന്ന സ്‌കൂളിലാണ് ക്യാംപ് സംഘടിപ്പിച്ചത്. ഇക്കാര്യമൊന്നും പരിശോധിക്കാതെ സ്വകാര്യ സ്‌കൂളിലെ എന്‍സിസി യൂണിറ്റില്‍ നിന്നും 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ത്ഥികളെ മൂന്ന് ദിവസത്തെ ക്യാംപിനായി അയക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന ഒന്നാം നിലയിലും ആണ്‍കുട്ടികള്‍ക്ക് ഗ്രൗണ്ട് ഫ്‌ളോറിലെ ക്ലാസ് മുറികളിലുമാണ് താമസസൗകര്യം ഒരുക്കിയത്. പെണ്‍കുട്ടികളുടെ മേല്‍നോട്ടത്തിനും സുരക്ഷക്കുമായി അധ്യാപകരൊന്നും ക്യാംപില്‍ ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഓഡിറ്റോറിയത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
ക്യാംപ് കഴിഞ്ഞ് മടങ്ങിയെത്തിയ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞെങ്കിലും പോലീസിനെ അറിയിക്കാതെ മൂടിവെച്ചു. രക്ഷിതാക്കളാണ് ഒടുവില്‍ പോലീസിനെ സമീപിച്ചതെന്ന് കൃഷ്ണഗിരി ജില്ല പോലീസ് സൂപ്രണ്ട് പി. തങ്കദുരെ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം ആദ്യമായിരുന്നു ക്യാംപ് നടന്നത്. പ്രതികള്‍ക്കെതിരെ പോസ്‌കോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികരുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.