Kerala
വീണ്ടും സഖാവായി പീഡനക്കേസ് പ്രതി; വിവാഹിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ തിരിച്ചെടുത്ത് സിപിഎം
വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് പാര്‍ട്ടി അംഗത്വം തിരികെ നല്‍കി സിപിഎം. പത്തനംതിട്ട തിരുവല്ല കോട്ടാലില്‍ ലോക്കല്‍ കമ്മറ്റിയംഗം സിസി സജിമോനെയാണ് സിപിഎം തിരിച്ചെടുത്തത്.
പീഡനക്കേസ് കൂടാതെ ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസിലും പ്രതിയാണ് സജിമോന്‍. 2018ലാണ് സജിമോന്‍ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായത്. ആ കേസിലെ ഡിഎന്‍എ പരിശോധനയിലാണ് ആള്‍മാറാട്ടം നടത്തിയത്. ഇതുകൂടാതെ 2022 ല്‍ വനിതാ നേതാവിനെ ലഹരി നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്ന ആരോപണവും സജിമോനെതിരെ ഉയര്‍ന്നിരുന്നു.
2018ലെ പീഡനക്കേസിന് പിന്നാലെ സജിമോനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം തിരികെയെടുത്തു. 2022ല്‍ വനിതാ നേതാവിന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പുറത്താക്കി. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗമാണ് ഇയാളെ പുറത്താക്കിയത്. പാര്‍ട്ടി നിയോഗിച്ച കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അംഗത്വം തിരികെ നല്‍കിയിരിക്കുന്നത്.