വിവാഹമോചന കേസുമായി സമീപിച്ച യുവതിയെ പീഡിപ്പിച്ചതിന് അഭിഭാഷകനെതിരെ കേസ്. കാസര്‍കോട് ബാറിലെ അഭിഭാഷനായ നിഖില്‍ നാരായണനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
യുവതിയുടെ ഭര്‍ത്താവ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. വിവാഹ ശേഷം ജോലിക്കായി വിദേശത്തേക്ക് പോവുകയും ചെയ്തു. നാട്ടിലായിരുന്ന യുവതിയും ഭര്‍ത്താവും തമ്മില്‍ ഇതിനിടെ പ്രശ്‌നങ്ങളുണ്ടാവുകയും വിവാഹമോചനത്തിന് യുവതി അഭിഭാഷകനെ സമീപിക്കുകയുമായിരുന്നു. കേസിന്റെ കാര്യം സംസാരിക്കാനായി അഭിഭാഷകന്‍ യുവതിയുടെ ഫ്‌ളാറ്റില്‍ എത്തുകയും തമ്മില്‍ അടുപ്പത്തിലാവുകയുമായിരുന്നു. തുടര്‍ന്നാണ് വിവഹാവാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. യുവതിക്ക് അഭിഭാഷകന്‍ തന്നെ മറ്റൊരു താമസസ്ഥലം ഏര്‍പ്പെടുത്തുകയും അവിടെവെച്ചും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
2023 മുതൽ 2024 ഏപ്രിൽ വരെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഒരുമിച്ച് താമസിക്കുന്നതിനിടയിൽ മർദിച്ചെന്നും 32 വയസുകാരി പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പോലീസ് കേസെടുത്തിട്ടുണ്ട്.
ബാര്‍ അസോസിയേഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇത് പരിശോധിക്കാന്‍ ഏഴംഗ സമിതിയെ ബാര്‍ അസോസിയേഷന്‍ നിയോഗിച്ചിട്ടുണ്ട്.