സേലം: തമിഴ്നാട്ടിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെ ഇവർ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 13ന് സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് കേസിനാസ്പദമായ സംഭവം.
റോഡിലൂടെ നടന്നുപോവുകയായിരുന്ന ദളിത് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പ്രതികളിലൊരാൾക്ക് പെൺകുട്ടിയുമായി അടുപ്പുമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയിരുന്നതായും ദീവട്ടിപ്പട്ടി പൊലീസ്.
അതിജീവിതയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും എസ്‌സി/എസ്ടി (പിഒഎ) ആക്ടിലെ സെക്ഷൻ 3 (2) (va) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.