ഡൽഹിയിൽ 25 കാരിയായ എയർഹോസ്റ്റസിനെ ബൈക്ക് ടാക്സി ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. ന്യൂഡൽഹിയിലെ ചാണക്യപുരി പ്രദേശത്തുവച്ചാണ് യുവതി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 35 കാരനായ ജെയ്‌വീറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഓഗസ്റ്റ് ഏഴിന് രാത്രി 11.45 ഓടെയാണ് സംഭവം നടന്നത്. ലക്ഷ്മിനഗറിൽ തന്റെ ഒരു സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു യുവതി. 11 മണിയോടെ ലക്ഷ്മി നഗറിൽനിന്നും ധ്വാർക്കയിലെ തന്റെ വീട്ടിലേക്ക് പോകാനായി യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തു. 15 മിനിറ്റുകൾക്കുള്ളിൽ റൈഡർ എത്തി. യാത്രാമധ്യേ അയാൾ റൂട്ട് മാറ്റി ബൈക്ക് ഓടിച്ചു. ഇതിനെ പെൺകുട്ടി ചോദ്യം ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ആ സമയത്ത് പെട്ടെന്നാണ് മഴ പെയ്തത്. മഴ നനയാതിരിക്കാൻ യുവതിയോട് ബൈക്കിൽനിന്നിറങ്ങി ഒരു മരത്തിനു കീഴെയായി നിൽക്കാൻ റൈഡർ ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലമാണെന്നു മനസിലാക്കിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി സ്കോർപ്പിയോ ഓടിച്ചെത്തിയ ഒരാളുടെ കണ്ണിൽ സംഭവം ശ്രദ്ധയിൽപ്പെടുകയും കാറിന്റെ ഹോൺ അടിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ ബൈക്ക് ടാക്സി ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കാർ ഡ്രൈവർ യുവതിയെ അടുത്തുള്ള മെട്രോ സ്റ്റേഷനിൽ കൊണ്ടുവിട്ടു. തുടർന്ന് യുവതി വസന്ത് കുഞ്ചിലെ സുഹൃത്തിന്റെ വീട്ടിൽ എത്തുകയും സംഭവത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. സുഹൃത്തിന്റെ അമ്മയാണ് പോലീസിൽ വിവരം അറിയിച്ചത്. ഗുർഗാണിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ ഇയാൾ കഴിഞ്ഞ ഒരു വർഷമായി ഡൽഹിയിൽ ബൈക്ക് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നുവെന്ന് പോലീസ് പറഞ്ഞു.