ന്യൂഡല്‍ഹി: സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയും ടെലിവിഷന്‍ താരവുമായ യുവതി. സുഹൃത്ത് ദക്ഷിണ ഡല്‍ഹിയിലെ ഫ്ളാറ്റില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് പാരാതി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. 2023ല്‍ ദിയോലി റോഡിലെ ഫ്‌ലാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
”ഐപിസി 376 (ബലാത്സംഗം) പ്രകാരം ഒരാള്‍ക്കെതിരെ ടിഗ്രി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരാതി അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്,’ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുംബൈ സ്വദേശിയായ യുവതി മോഡലും ടെലിവിഷന്‍ സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരാതി പ്രകാരം സുഹൃത്ത് നടിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ഭക്ഷണവും പാനീയവും നല്‍കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതി തനിക്ക് ലഹരിപാനീയം നല്‍കുകയും പിന്നീട് തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് നടി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.