ഗാസിയാബാദ്: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ വനിതാ ഡോക്ടറുടെ പരാതിയിൽ സുനിൽ (42) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, അതിക്രമിച്ച് കടക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിവാഹിതയും ഒരു പെൺകുട്ടിയുടെ മാതാവുമാണ് വനിതാ ഡോക്ടർ. സുനിലും വിവാഹിതനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇയാളുടെ ഭാര്യ. സുനിലും വനിതാ ഡോക്ടറും തമ്മിൽ ഇതിനിടെ പ്രണയത്തിലാകുകയും പിന്നീട് നിരവധി തവണ ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും വച്ച് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകി സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണം തുടർന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഡോക്ടറുടെ ഫ്‌ളാറ്റിൽ അതിക്രമിച്ച് കയറിയ സുനിൽ യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ മർദ്ദിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. വനിതാ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുനിലിനെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.