കാസർകോട്: പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്നു സൂചന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളാണോ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ കുട്ടിയുടെ സ്വർണാഭരണം കവർന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഒച്ചവെച്ചാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.
ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്.