കൊച്ചി: മേക്കപ്പ് ആര്‍ട്ടിസ്റ്റും ഷോര്‍ട്ട് ഫിലിം അസിസ്റ്റന്റ് ഡയറക്ടറും ലൈംഗികാതിക്രമം കാണിച്ചെന്ന ആരോപണവുമായി കൊച്ചിയിലെ ഹെയര്‍ ഡ്രസര്‍. മുറിയില്‍ വച്ച് കടന്നുപിടിക്കുകയും തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ഹെയര്‍ ഡ്രസര്‍ ആരോപിച്ചു. എതിര്‍ത്തതിനാല്‍ രക്ഷപ്പെട്ടെങ്കിലും ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതിനൊപ്പം തൊഴില്‍ നിഷേധിക്കപ്പെട്ട സ്ഥിതിയുണ്ടായതായും 20ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യുവതി വെളിപ്പെടുത്തി.
‘ഞാന്‍ ഒരു നാലഞ്ചു വര്‍ഷമായിട്ട് ഈ ഫീല്‍ഡില്‍ ഉള്ളയാള്‍ ആണ്. നിലവില്‍ എനിക്ക് താത്കാലിക കാര്‍ഡ് ആണ് ഉള്ളത്. ഫുള്‍ കാര്‍ഡ് എടുത്തിട്ടില്ല. ഞങ്ങള്‍ക്ക് സ്ഥിരം വര്‍ക്ക് ലഭിക്കാറില്ല. ഇടയ്ക്ക് മാത്രമേ വര്‍ക്ക് ലഭിക്കാറുള്ളൂ. സിനിമയില്‍ വരുന്ന സമയത്ത് ഇതിനകത്ത് നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. ഈസ്റ്ററിന്റെ സമയത്ത് ആദ്യമായി ഒരു പരസ്യത്തിന് വേണ്ടിയാണ് വര്‍ക്ക് ചെയ്തത്. ഈസ്റ്റര്‍ ആഘോഷം നടന്നതിനാല്‍ രാവിലെ എനിക്ക് പോകാന്‍ സാധിച്ചില്ല. രാത്രിയാണ് പോയത്. അവിടെ എത്തിയപ്പോള്‍ ഒരാള്‍ എത്തി എന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയി. പിറ്റേദിവസത്തെ വര്‍ക്കിനായാണ് ഹോട്ടലിലേക്ക് കൊണ്ടുപോയത്. അവിടെ ഒരു മുറി കാണിച്ചിട്ട് ഇതാണ് നിങ്ങളുടെ മുറി എന്ന് പറഞ്ഞു. ഈ മുറിയില്‍ ഒരാള്‍ കൂടി ഉണ്ടാവുമെന്നും അയാള്‍ പറഞ്ഞു. ഞാന്‍ വിചാരിച്ചത് ഒരു ലേഡി ആയിരിക്കുമെന്നാണ്. എന്നാല്‍ അയാള്‍ തന്നെയായിരിക്കും മുറി ഷെയര്‍ ചെയ്യാന്‍ വരിക എന്ന് പറഞ്ഞു. ഈസമയത്ത് അയാള്‍ നന്നായി മദ്യപിച്ചിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ പറ്റില്ല എന്ന് പറഞ്ഞ് എതിര്‍ത്തു. ഉടന്‍ തന്നെ അയാള്‍ കുറെ അസഭ്യം പറഞ്ഞു.’- ഹെയര്‍ ഡ്രസര്‍ ആരോപിച്ചു.
‘ഇങ്ങനെയൊക്കെയാണ് ഫിലിം ഫീല്‍ഡില്‍ നടക്കുന്നത്. ഇതൊന്നും അറിയാതെയാണോ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ചു. അപ്പോള്‍ എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞു. തുടര്‍ന്ന് എന്നെ കുറെ അസഭ്യം പറഞ്ഞ ശേഷം മുറിയില്‍ നിന്ന് പുറത്താക്കി. ഇനി വര്‍ക്കിന് വേണ്ട എന്നും പറഞ്ഞ് വെറേ ഒരാളെ വിളിച്ചു. വെറൊരു ലേഡിയെ വിളിച്ചിട്ട് പറഞ്ഞു നാളെ ഇവിടെ വരണം എന്ന് അയാള്‍ പറഞ്ഞു. നിനക്ക് ഒരു ജോലി ഉണ്ട് എന്ന് പറഞ്ഞു. അങ്ങനെ എന്നെ ഔട്ടാക്കി. രാത്രി പേടിച്ചിട്ട് മുറിക്ക് പുറത്ത് തന്നെ ഞാന്‍ നിന്നു. രാവിലെ എന്നെ അവിടെയുള്ളവര്‍ പറഞ്ഞുവിട്ടു. ഇതാണ് എന്റെ ആദ്യ അനുഭവം. അതിന് ശേഷം നാലഞ്ചുവര്‍ഷം ഞാന്‍ വര്‍ക്ക് ചെയ്തു. ഇതിനിടെ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി ജൂനിയര്‍ ആര്ടിസ്റ്റ്് പിള്ളേരെ ഞാന്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവര്‍ കരഞ്ഞുപോകുമ്പോള്‍ പൈസ കൊടുത്ത് ഞാന്‍ അവരെ ആശ്വസിപ്പിച്ച് പറഞ്ഞുവിട്ടിട്ടുണ്ട്. നിങ്ങള്‍ രക്ഷപ്പെട്ടോ, നില്‍ക്കണ്ട എന്നെല്ലാ പറഞ്ഞാണ് അവരെ ആശ്വസിപ്പിച്ചത്. ഒരുദിവസം ഷൂട്ട് ഇല്ലാതെ മുറിയില്‍ ഇരിക്കുന്ന സമയത്ത് മേക്കപ്പ് ആര്‍ടിസ്റ്റ് വന്ന് എന്ന കയറിപ്പിടിക്കാന്‍ ശ്രമിച്ചു. പ്രശസ്തനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് അതിക്രമത്തിന് മുതിര്‍ന്നത്. എന്നെക്കാള്‍ ആരോഗ്യം കുറഞ്ഞ ആള് ആയത് കൊണ്ട് അതിക്രമം ചെറുക്കാന്‍ സാധിച്ചു. നന്നായി ചീത്തപറഞ്ഞാണ് ഞാന്‍ അയാളെ പുറത്തേയ്ക്ക് വിട്ടത്. ഫെഫ്കയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ പറയുന്നത് ഹെയര്‍ ഡ്രസര്‍മാര്‍ എല്ലാം അടിമകള്‍ ആണെന്നാണ്. പ്രതികരിച്ചാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് കഴിഞ്ഞിരുന്നത്. അല്ലെങ്കില്‍ തന്നെ കാര്യമായി ജോലി ലഭിക്കുന്നില്ല. ഒന്നുരണ്ടു ശതമാനം ആളുകള്‍ മാത്രമാണ് നല്ലവര്‍. ബാക്കിയുള്ളവര്‍ എല്ലാം ഇങ്ങനെയാണ് പെരുമാറുന്നത്.’- ഹെയര്‍ ഡ്രസര്‍ പറഞ്ഞു.