Kerala

ബിജെപിയിൽ ചേർന്ന ഓർത്തഡോക്സ് വൈദികനെ ചുമതലകളിൽ നിന്ന് ഒഴിവാക്കി; ഫാദർ സോബിൻ സാമുവേൽ പുതിയ ഭദ്രാസന സെക്രട്ടറി

Posted on

ഓർത്തഡോക്സ് സഭയുടെ റാന്നി- നിലയ്ക്കൽ ഭദ്രാസന സെക്രട്ടറിയായിരിക്കെ ബിജെപിയിൽ ചേർന്ന വൈദികൻ ഫാ. ഷൈജു കുര്യനെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് പുറത്താക്കി. പകരം ഫാദർ സോബിൻ സാമുവേലിനെ ഭദ്രാസന സെക്രട്ടറിയായി ഈ 13 ന് ചേർന്ന ഭദ്രാസന പൊതുയോഗം നിയമിച്ചു. കഴിഞ്ഞ ആറ് മാസമായി ഭദ്രാസന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയിലായിരുന്നു ഫാദർ സോബിൻ സാമുവേൽ.

കഴിഞ്ഞ വർഷം ഡിസംബർ 30നാണ് ഫാ. ഷൈജൂ കുര്യൻ പത്തനംതിട്ടയിൽ വെച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. സഭാ സെക്രട്ടറിയുടെ ചുമതലയിലിരിക്കെ ബിജെപി അംഗത്വം സ്വീകരിച്ച ഷൈജു കുര്യനെതിരെ വിശ്വാസികൾ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ മുതിർന്ന വൈദികനായ ഫാ. മാത്യൂസ് വാഴക്കുന്നം നൽകിയ ഗുരുതര സ്വഭാവമുള്ള പരാതിയെ തുടർന്ന് ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. ആരോപണങ്ങളുടെ പേരിൽ ഷൈജു കുര്യനെ സഭാ തലവനായ കാതോലിക്ക ബാവ സസ്പെൻഡ് ചെയ്തിരുന്നു.

തൊട്ടുപിന്നാലെ ഭദ്രാസന ബിഷപ്പ് ജോഷ്വാ മാർ നിക്കോദിമോസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞതിന് ഫാ. വാഴക്കുന്നത്തിനെയും സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് വൈദികർക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version