Politics

ചേലക്കരയിലെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസിൽ ഭിന്നത; രമ്യാ ഹരിദാസിനായി ഒരു വിഭാഗം

തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷം. രമ്യാ ഹരിദാസിനെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ജില്ലയിൽ നിന്നുതന്നെയുള്ള പരിചയസമ്പത്തുള്ള നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെയും ജില്ലാ നേതൃത്വത്തിലെയും മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഇരുവിഭാഗങ്ങളും ആവശ്യങ്ങൾ കെപിസിസി നേതൃത്വത്തെ അറിയിച്ചു.

ഇതുവരെ തങ്ങളുടെ കൈകളിൽ ഒതുങ്ങാതിരുന്ന ചേലക്കര, ഇക്കുറി തിരിച്ചുപിടിക്കാനുള്ള ശ്രമം അനൗദ്യോഗിക സ്ഥാനാർഥി നിർണയ ചർച്ചകളിൽക്കൂടി കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു, ഒപ്പം ചേരിപ്പോരും. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിൽപ്പെട്ട നേതാക്കൾ ഇരുവിഭാഗങ്ങളായി തിരിഞ്ഞാണ് സ്ഥാനാർഥികൾക്കായി വാദിക്കുന്നത്.

മുൻ എം.പി രമ്യ ഹരിദാസിനു വേണ്ടി വാദിക്കുന്നത് പ്രമുഖ നേതാക്കളിൽ ചിലർ തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ചേലക്കര നിയമസഭാ മണ്ഡലത്തിൽ കെ. രാധാകൃഷ്ണന് അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. രാധാകൃഷ്ണൻ വോട്ട് ചെയ്ത ചേലക്കരയിലെ ബൂത്തിലും പഞ്ചായത്തിലും കൂടുതൽ വോട്ട് നേടിയത് രമ്യയാണ്. നേരത്തെ ആലപ്പുഴ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് വിജയിച്ചു കയറിയതും രമ്യയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ തോറ്റ സ്ഥാനാർഥിയെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. തൃശ്ശൂർ ജില്ലയിൽ നിന്ന് തന്നെയുള്ള പരിചയസമ്പന്നരായ സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. തൃശൂരിൽ നിന്ന് തന്നെയുള്ള നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി കെ.വി ദാസൻ, മുൻ കെപിസിസി സെക്രട്ടറി എൻ.കെ സുധീർ എന്നിവരുടെ പേരുകളാണ് ഇവർ മുന്നോട്ടുവെയ്ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top