തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. സജീവമല്ലാത്ത നേതാക്കളെയടക്കം രംഗത്തിറക്കി ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് നീക്കം. ഗ്രൂപ്പ് നേതാക്കളുമായി രമേശ് ചെന്നിത്തല ആശയവിനിമയം ശക്തിപ്പെടുത്തി.
സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് സാന്നിധ്യം ഉറപ്പിച്ചും മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുനമ്പം സമരഭൂമിയിലേക്കും അരിപ്പ സമരഭൂമിയിലേക്കും എംടി അനുസ്മരണ ചടങ്ങിലും വിവിധ ദിവസങ്ങളിലായി ചെന്നിത്തല പങ്കെടുക്കും.
സാമുദായിക നേതൃത്വുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. 11 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് കഴിഞ്ഞദിവസം രമേഷ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. അതിന് മുമ്പ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സമസ്ത സ്ഥാപനത്തിന്റെ ഉദ്ഘാടകനായും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണമുണ്ട്. പ്രതിപക്ഷ നേതാവായതിന് പിന്നാലെ വി ഡി സതീശനായിരുന്നു സമസ്ത-ലീഗ് പരിപാടികളിലെ ക്ഷണിതാവ്. ഇതിനെ മറികടന്നാണ് സമസ്ത സ്ഥാപനത്തിന്റെ ഉദ്ഘാടകനായി ചെന്നിത്തലയെത്തുന്നത്.