തിരുവനന്തപുരം: എസ്എൻഡിപിയുമായി തനിക്ക് ഒരു കാലത്തും അസ്വാരസ്യമുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എല്ലാ സമുദായങ്ങളുമായും എല്ലാ കാലത്തും ബന്ധം തുടരേണ്ടത് പാർട്ടിക്കും മുന്നണിയ്ക്കും അനിവാര്യമാണ്. എസ്എൻഡിപിയുടെ ശിവഗിരി തീർത്ഥാടന യാത്ര ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടകൻ അസൗകര്യം പറഞ്ഞപ്പോഴാണ് തന്നെ ഉദ്ഘാടകനാക്കി മാറ്റിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എസ്എൻഡിപിയുമായി എനിക്ക് ഒരു കാലത്തും അസ്വാരസ്യമുണ്ടായിരുന്നില്ല. നല്ല ബന്ധമാണുള്ളത്. കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്തും അതിന് മുമ്പും എസ്എൻഡിപി യോഗവുമായും പ്രവർത്തകരുമായും നല്ല ബന്ധമാണുള്ളത്. അത് ഇനിയും തുടരും. ഗുരുദേവന്റെ അനുഗ്രഹത്തോടെ ആരംഭിച്ചതാണ് എസ്എൻഡിപി. അതിന്റെ മഹത്വം എസ്എൻഡിപിക്ക് എല്ലാകാലവുമുണ്ട്. വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാവില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.