തിരുവനന്തപുരം: അനാവശ്യ ചർച്ചകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല.
അനവസരത്തിലാണ് ചർച്ച എന്ന് താൻ തന്നെ നേരത്തെ പറഞ്ഞതാണ്. താൻ എന്തായാലും അത്തരം ഒരു ചർച്ച ഉണ്ടാക്കിയിട്ടില്ലെന്നും ആരാണ് ചർച്ച ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താൻ കെപിസിസി പ്രസിഡൻ്റ് ആയിരുന്ന ഘട്ടത്തിലാണ് കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 70 ശതമാനം വിജയം നേടിയത്. അതേ വിജയം ഇത്തവണയും ഉണ്ടാകണം. വമ്പിച്ച വിജയം ഉണ്ടാകാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രമേ നിയമസഭയിൽ വിജയിക്കാൻ സാധിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.