Kerala
അയോദ്ധ്യ:വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഗുരുദർശനത്തിന് എതിരാണെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ്
അയോധ്യയിലെ രാമക്ഷേത്ര വിഷയത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഗുരുദർശനത്തിന് എതിരാണെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. സംഘപരിവാർ അജണ്ട അനുസരിച്ച് ശ്രീനാരായണധർമ്മത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനുമുള്ള ശ്രമമാണ് വെള്ളാപ്പിള്ളി നടത്തുന്നതെന്നും ഇതിനോട് ഈഴവ സമുദായത്തിനകത്തുതന്നെ ശക്തമായ പ്രതിഷേധമുണ്ടെന്നും ശ്രീനാരായണ മാനവധർമം ട്രസ്റ്റ് പങ്കുവെച്ച വാർത്താ കുറിപ്പിൽ പറഞ്ഞു.
അപരത്വത്തിനും മതവിദ്വേഷത്തിനുമെതിരെ എന്നും പോരാടിയ ശ്രീനാരായണഗുരു അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായി വരണം എന്നാണ് പഠിപ്പിച്ചത്. ബാബരി മസ്ജിദ് നിയമവിരുദ്ധമായി തകർത്തിട്ട് അവിടെ ഒരു ക്ഷേത്രം പണിയുന്നത് നിയമത്തിന്റെ കണ്ണിൽ ശരിയാണെങ്കിലും ഗുരുവീക്ഷണത്തിൽ തെറ്റും അധർമ്മവുമാണ്. ബഹുഭൂരിപക്ഷം ശ്രീനാരായണീയരും വൈള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെയും ആഹ്വാനത്തെയും അവജ്ഞയോടെ തള്ളിക്കളയുമെന്നും ട്രസ്റ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.