India
രാമക്ഷേത്രത്തില്‍ ആദ്യ സ്വര്‍ണ വാതില്‍ സ്ഥാപിച്ചു
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണവാതില്‍ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചത്
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. അതില്‍ 42 എണ്ണം സ്വര്‍ണം പൂശിയതാണ്. സ്വര്‍ണ വാതിലിന്റെ മധ്യഭാഗത്ത് സ്വാഗതം ചെയ്യുന്ന രണ്ട് ആനകളെ കാണാം. മുകള്‍ഭാഗത്ത് കൊട്ടാരസദൃശമായ രൂപവും അതില്‍ രണ്ട് ഭൃത്യന്മാര്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നതും വാതിലില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കണമെന്ന് ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ജനുവരി 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ ആരംഭിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.