Kerala
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്നാവർത്തിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. അയോധ്യയിലെ ക്ഷേത്രം പണിയുന്നത് 450 വർഷം പഴക്കമുള്ള പള്ളി പൊളിച്ചാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അത്തരമൊരു ക്ഷേത്രത്തിലേക്ക് കോൺഗ്രസ് നേതാക്കൾ പോകുന്നത് സാധാരണ വിശ്വാസികൾ പോകുന്നത് പോലെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ക്ഷേത്രം നിർമിക്കുന്നതിന്റെ പശ്ചാത്തലം കൂടി പരിഗണിക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. ഒരു മതവിശ്വാസത്തിന്റെ പ്രതീകം തകർത്തുകൊണ്ട് അവിടെയാണ് ഈ അമ്പലം ഉണ്ടാക്കുന്നത്. നേരേമറിച്ച് സാധാരണ രീതിയിലായിരുന്നു ക്ഷേത്രം നിർമിക്കുന്നതെങ്കിൽ, അതിന്റെ ചടങ്ങിൽ പങ്കെടുക്കുന്നതിന് യാതൊരു വിരോധവുമില്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു. ഹൈക്കമാൻഡിനെ ഈ വികാരം ധരിപ്പിച്ചിട്ടുണ്ടെന്നും ശരിയായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കുമെന്ന് വിശ്വാസമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
മധ്യപ്രദേശിൽ കമൽനാഥിന്റെ ഹിന്ദുത്വ പരീക്ഷണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ഇതിൽനിന്നും പാഠം ഉൾക്കൊണ്ടുവെന്നും മതേതര കാഴ്ചപ്പാടുമായി കർണാടകയിലും തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മതേതരത്വമാണ് കോൺഗ്രസിന്റെ നയമെന്നും അത് തുടരുമെന്നും മുരളീധൻ കൂട്ടിച്ചേർത്തു.