ജലന്ധര്‍: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് നിരവധി സെലിബ്രറ്റികളാണ് അയോധ്യയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നവര്‍, സമുദായ നേതാക്കള്‍, കലാ-സാംസ്കാരിക-കായിക രംഗത്തെ പ്രമുഖരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ ക്ഷണം സ്വീകരിക്കാത്ത ആളുകളും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ആം ആദ്മി പാര്‍ട്ടി എം പിയുമായ ഹര്ഭജന് സിംഗിനും ക്ഷണം ലഭിച്ചിരുന്നു.
ഇപ്പോള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഹര്ഭജന്. ക്ഷണം നിരസിക്കുന്നവരെ കുറിച്ചും ഹര്ഭജന് പറയുന്നുണ്ട്. ഹര്‍ഭജന്റെ വാക്കുകള്‍… ”ഇക്കാലത്ത് ഇങ്ങനെയൊരു ക്ഷേത്രം നിര്‍മിക്കപ്പെടുന്നത് തന്നെ നമ്മളുടെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ നമ്മള് എന്തായാലും പോയി, ആനുഗ്രഹം വാങ്ങും. ആര് വന്നാലും ഇല്ലെങ്കിലും ഞാന്‍ തീര്‍ച്ചയായും അയോധ്യയിലെത്തും. ഏത് പാര്‍ട്ടിയിലെ ആളുകള്‍ പങ്കെടുത്താലും ഇല്ലെങ്കിലും ഞാന്‍ തീര്‍ച്ചയായും അവിടെയുണ്ടാവും. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഞാന്‍ പോകുന്നത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍, അവര്‍ വേണ്ടത് ചെയ്യാം.” ഹര്ഭജന് പറഞ്ഞു.