ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സർക്കാർ ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും പകുതി നേരം പ്രവര്‍ത്തിച്ചാല്‍ പ്രവർത്തിച്ചാൽ മതിയെന്ന തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. രാജ്യം ഒരു മതത്തിന്റെയും അടിസ്ഥാനത്തിലായിരിക്കരുത് എന്ന സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നും സിപിഐഎം പറഞ്ഞു.
എല്ലാ സർക്കാർ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ജനുവരി 22 ന് ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മെമ്മോറാണ്ടം പരാമർശിച്ചുകൊണ്ടായിരുന്നു പൊളിറ്റ്ബ്യൂറോയുടെ വിമർശനം. ഓഫീസുകൾ അടച്ച് രാംലല്ല പ്രാൺ പ്രതിഷ്ഠാഘോഷങ്ങളിൽ ജീവനക്കാർ പങ്കാളികളാകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. തികച്ചും മതപരമായ ചടങ്ങിൽ സർക്കാരിനെയും സംസ്ഥാനങ്ങളേയും നേരിട്ട് പങ്കാളികളാക്കാനുള്ള മറ്റൊരു നടപടിയാണിത്. ജീവനക്കാർക്ക് അവരുടെ മതവിശ്വാസവും പെരുമാറ്റവും സംബന്ധിച്ച് വ്യക്തിപരമായ തീരുമാനം എടുക്കാൻ അവകാശമുണ്ട്, എന്നാൽ സർക്കാർ തന്നെ ഇത്തരമൊരു സർക്കുലർ പുറപ്പെടുവിക്കുന്നത് അധികാരത്തിന്റെ കടുത്ത ദുർവിനിയോഗമാണ്. സർക്കാരിന്റെ ഇത്തരം നടപടികൾ ഭരണഘടനയ്ക്കും സുപ്രീംകോടതി മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണെന്നും സിപിഐഎം വ്യക്തമാക്കി