Kerala
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹം; എം വി ഗോവിന്ദൻ
കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തീരുമാനത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമെന്നും തീരുമാനത്തിലൂടെ ഇന്‍ഡ്യ മുന്നണിക്ക് ഒരുപടി മുന്നോട്ട് പോകാൻ കഴിയുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
പരിപാടിയിൽ പങ്കെടുക്കാത്തത് ഈശ്വര നിന്ദയെന്ന എൻഎസ്എസ് നിലപാടും എം വി ഗോവിന്ദൻ തള്ളി. പരിപാടിയിൽ പങ്കെടുക്കാത്തത് ഈശ്വര നിന്ദയല്ല. രാഷ്ട്രീയ താൽപര്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമ്പലത്തിലും പള്ളികളിലും പോകാൻ വിശ്വാസികൾക്ക് അവകാശം ഉണ്ട്. വിശ്വാസികൾക്കൊപ്പമാണ് സിപിഐഎമ്മെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
രാഹുലിന്റെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച വിമർശനത്തോടും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. വി ഡി സതീശൻ അങ്ങനെ പല കാര്യങ്ങളും പറയുന്നുണ്ട്. ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സമരത്തിന് ഇറങ്ങുന്നവർക്ക് ആർജ്ജവം ഉണ്ടാവണം. നേതൃത്വത്തിന്റെ ഭാഗമായവർക്ക് ആർജ്ജവം വേണം. തനിക്ക് അസുഖമാണ് എന്ന് പറഞ്ഞു രാഹുൽ കോടതിയിൽ പോയപ്പോൾ കോടതി ആണ് അത് ശരിയല്ല എന്ന് പറഞ്ഞത്. രാഹുലിന്റെ ആദ്യ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞത് ഇപ്പോൾ തെളിഞ്ഞുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.