India

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം

Posted on

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ പാർട്ടി നേതാക്കൾ പങ്കുചേരുന്നത് എതിർക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിർപ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു.

ആർഎസ്എസ് പരിപാടിയെ ആണ് എതിർക്കുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം. തങ്ങളെ പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കൾ പാർട്ടിയിൽ പരസ്യ തർക്കം വേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ ഗുജറാത്തിലെ പാര്‍ട്ടി നേതാവ് അർജുൻ മോദ്വാഡിയ പാർടി തീരുമാനം ചോദ്യം ചെയ്ത് പ്രസ്താവനയിറക്കി. കോൺഗ്രസിന് രാവണ മനോഭാവമെന്നാണ് ബിജെപി വിമര്‍ശനം.

പാര്‍ട്ടിയിൽ ദേശീയ തലത്തിൽ ഏറ്റവും സ്വാധീനമുള്ള രണ്ട് നേതാക്കൾ കെസി വേണുഗോപാലും ജയ്റാം രമേശുമാണ്. ഇവര്‍ രണ്ട് പേരുടെയും നിലാപാടാണ് അയോധ്യ ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. എന്നാൽ ഉചിതമായ സമയം കാത്തുനിന്ന കോൺഗ്രസിന് ശങ്കരാചാര്യന്മാരുടെ നിലപാട് സഹായമായി. ഇന്നലെ രാവിലെ മുതൽ ശങ്കരാചാര്യന്മാര്‍ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബഹുമാനപൂര്‍വം അയോധ്യ ചടങ്ങിലേക്ക് ക്ഷണം നിരസിക്കുന്നുവെന്ന് രണ്ട് ഖണ്ഡികയും അഞ്ച് വരികളുമുള്ള വിശദീകരണ വാര്‍ത്താക്കുറിപ്പിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version