ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസും മറ്റു പുരോഹിതന്മാരും രാഷ്‌ട്രപതിക്കൊപ്പമുണ്ടായിരുന്നു.രാം ലല്ലയെ ആരതി ഉഴിഞ്ഞ് തൊഴുതു വണങ്ങുന്ന രാഷ്‌ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് അയോദ്ധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി രാഷ്‌ട്രപതി പ്രാർത്ഥനകൾ നടത്തിയിരുന്നു. തുടർന്ന് സരയു നദീതീരത്തെ ആരതിയിലും പങ്കെടുത്തു. അയോദ്ധ്യയിലെത്തിയ രാഷ്‌ട്രപതിയെ ഗവർണർ ആനന്ദി ബെൻ പട്ടേലാണ് സ്വീകരിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉൾപ്പെടെ രാഷ്‌ട്രപതിയുടെ അസാന്നിദ്ധ്യം പ്രതിപക്ഷം രാഷ്‌ട്രീയ വിവാദമാക്കുന്നതിനിടെയാണ് ദ്രൗപദി മുർമു രാംലല്ലയുടെ അനുഗ്രഹം തേടിയെത്തിയത്. ഗോത്ര വർഗക്കാരിയായതിനാലാണ് രാഷ്‌ട്രപതിയെ ഒഴിവാക്കിയതെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണം.