India

രാജ്യസഭാധ്യക്ഷൻ പക്ഷപാതപരമായി പെരുമാറുന്നു; അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി ഇന്ത്യാ സഖ്യം

അദാനി, സോറോസ് വിഷയത്തില്‍ പാര്‍ലമെൻ്റ് ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭാധ്യക്ഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി അധ്യക്ഷൻ ജഗദീപ് ധര്‍ഖറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനൊരുങ്ങുകയാണ് ഇന്ത്യാ സഖ്യം. തുടർച്ചയായ ഭരണ-പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷം ഇരുസഭകളിലും അദാനി വിഷയം ഉയര്‍ത്തിയപ്പോള്‍, സോറോസ് ഫണ്ട് വിവാദം ഉന്നയിച്ച് പ്രതിരോധിക്കുകയാണ് ഭരണപക്ഷം ചെയ്തത്. രാജ്യസഭയില്‍ സോറോസ് വിഷയത്തില്‍ ജെ.പി. നദ്ദയ്ക്ക് യഥേഷ്ടം സംസാരിക്കാന്‍ ഇന്നും അനുമതി നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയായിരുന്നു ജെ.പി. നദ്ദയുടെ പ്രസ്താവന.

സോറോസ് പോലെ അദാനി വിഷയവും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാധ്യക്ഷന്‍ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷ ബഹളത്തില്‍ സഭ തടസ്സപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഒരു തവണ നിര്‍ത്തിവച്ച സഭ നാളത്തേക്ക് പിരിയുകയായിരുന്നു. തുടർന്നാണ് പക്ഷപാതപരമായി പെരുമാറുന്ന സഭാധ്യക്ഷന്‍ ജഗദീപ് ധര്‍ഖറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചത്.

ഭരണഘടനയുടെ 67(ബി) അനുച്ഛേദ പ്രകാരമാണ് നീക്കം. ലോക്‌സഭയിലും അദാനി, സോറോസ് വിഷയം പ്രതിഷേധത്തില്‍ മുങ്ങിയതോടെ നടപടിക്രമങ്ങളിലേക്ക് കടക്കാതെ നാളത്തേക്ക് പിരിഞ്ഞു. അദാനി- മോദി ബാന്ധവം ഉയര്‍ത്തി പാര്‍ലമെൻ്റിന് പുറത്ത് പ്രതിപക്ഷം ഇന്നും പ്രതിഷേധം നടത്തി. ഇരുവരുടെയും ചിത്രങ്ങള്‍ പതിച്ച കറുത്ത തുണി സഞ്ചിയുമായായിരുന്നു പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെൻ്റിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top