India
രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവൻ അപടത്തിൽ; ചികിത്സ ലഭിക്കുന്നില്ല; ഭാര്യ നളിനി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നളിനി തമിഴ്നാട് സർക്കാരിനു കത്തയച്ചു. മുരുകന്റെ ജീവൻ അപകടാവസ്ഥയിൽ ആണെന്നും കത്തിൽ പറയുന്നു. ക്യാംപിലെ സ്ഥിതി മോശമാണെന്നു കാണിച്ചും മറ്റാവശ്യങ്ങൾ ഉന്നയിച്ചും മുരുകൻ രണ്ടാഴ്ചയോളമായി ക്യാംപിൽ നിരാഹാര സമരത്തിലാണ്. ഇതേത്തുടർന്ന് ആരോഗ്യം മോശമായ മുരുകൻ അബോധാവസ്ഥയിലാണെന്നും ജീവൻ അപകടത്തിലാണെന്നും നളിനിയുടെ കത്തിൽ പറയുന്നു.
മുരുകനെ പാർപ്പിച്ചിരിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിൽ ഒട്ടും സൗകര്യങ്ങളില്ലെന്നും നേരത്തേ കഴിഞ്ഞിരുന്ന വെല്ലൂർ സെൻട്രൽ ജയിലിനേക്കാൾ മോശമാണെന്നും ആഭ്യന്തര സെക്രട്ടറിക്കും മറ്റും അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധി വധക്കേസിൽ 30ലേറെ വർഷം ജയിലിൽ കഴിഞ്ഞ ശ്രീലങ്കൻ സ്വദേശികളായ മുരുകൻ, നളിനി, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ അടക്കമുള്ളവരെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2022 നവംബറിലാണ് മോചിച്ചിച്ചത്.
പാസ്പോർട്ടോ മറ്റു യാത്രാ രേഖകളോ ഇല്ലാത്തതിനാലാണ് മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റിയത്. എന്നാൽ ക്യാംപിലെ സ്ഥിതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ നേരത്തേയും സമരം ചെയ്തിരുന്നു.