തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
കേരളത്തില്‍ കാലവര്‍ഷം എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ കാലവര്‍ഷത്തിന്റെ ഭാഗമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. കാലവര്‍ഷം സ്ഥിരീകരിക്കണമെങ്കില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകണം. മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം തെക്കന്‍ തമിഴ്‌നാട് തീരത്തുള്ള ചക്രവാതചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്. ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രണയങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീര മേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും നിയന്ത്രണമുണ്ട്. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.