India
രാജ്യ തലസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ പതിനൊന്ന് ആയി
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ മഴക്കെടുതിയിൽ തലസ്ഥാന നഗരിയിലെ മരണസംഖ്യ 11 ആയി. തകർന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
വെള്ളിയാഴ്ച 228.1 മില്ലിമീറ്റർ റേക്കോർഡ് രേഖപ്പെടുത്തിയ മഴയ്ക്ക് ശേഷം കനത്ത മഴയാണ് ശനിയാഴ്ചയും പെയ്തത്. അതിശക്തമായ മഴ മൂലം നഗരത്തിൻ്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. അടിസ്ഥാന സൗകര്യങ്ങൾ പാടെ തകരാറിലായ സാഹചര്യമാണ് രാജ്യതലസ്ഥാനത്ത്.ശനിയാഴ്ച രാവിലെ പെയ്ത മഴയിലാണ് വസന്ത് വിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ ബേസ്‌മെൻ്റ് തകർന്നത്.
മണ്ണിലും വെള്ളത്തിലും കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. ഡൽഹി പൊലീസ്, അഗ്നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.