India

മുംബൈയിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; 36 വിമാനങ്ങൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചു വിട്ടു

മുംബൈയിൽ തുടർച്ചയായ കനത്ത മഴയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. നാല് ദിവസത്തിൽ 36 വിമാനങ്ങലാണ് റദ്ദാക്കിയത്. 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ, വിസ്താര വിമാനങ്ങളാണ് റദ്ദാക്കിയതും അടുത്തുള്ള വിമാനത്താവളങ്ങളിലേക്കും അഹമ്മദാബാദിലേക്കും വഴിതിരിച്ചു വിട്ടതും. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ പ്രവർത്തനങ്ങൾ രണ്ടുതവണ നിർത്തിവെച്ചു.

ശക്തമായ മഴയെത്തുടർന്ന് അന്ധേരി സബ്‌വേ പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമായതും ഈ മേഖലയിലെ ഗതാഗതം തടസ്സപ്പെടുത്തി. മുംബൈയിൽ ഒരു ദിവസം 200 മില്ലീമീറ്ററിലധികം മഴ പെയ്തതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തുന്നത്. ഇന്ന് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, നവി മുംബൈയിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. നവി മുംബൈ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിന് താഴെയായതിനാൽ നഗരത്തിലെ ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കൂടുതൽ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദ്ദേശം. പശ്ചിമ, മധ്യ ഹാർബർ മേഖലകളിലെ സബർബൻ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടില്ല. നവി മുംബൈയിലെ തുർഭേ തുടങ്ങി വെള്ളക്കെട്ടിലായ പൊലീസ് സ്റ്റേഷനുകളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മുട്ടോളം വെള്ളത്തിലായ പൊലീസ് സ്റ്റേഷനിലെ കുറ്റവാളികളുടെ ഫയലുകൾ നനഞ്ഞാൽ എന്ത് ചെയ്യുമെന്ന ആശങ്കയും പലരും പങ്ക് വച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top