തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 31 ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ പിന്നാലെ സംസ്ഥാനത്ത് ഇപ്പോള്‍ വേനല്‍ മഴ ശക്തമായിരിക്കുകയാണ്.
ഇതിനിടെയാണ് കേരളത്തില്‍ കാലവര്‍ഷം മെയ് 31 ഓടെയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. നാലു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ കാലവർഷം മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇക്കുറി തീവ്രമായ ചൂടിന് പുറമെ മിക്ക ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ടായിരുന്നു. ഈ വര്‍ഷത്തെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം മെയ് 31ന് ആരംഭിക്കുന്നതോടെ നാല് മാസത്തെ മഴക്കാലത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ എട്ടിനാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന് തുടക്കമായത്.