സംസ്ഥാനത്ത് ഇന്നും വേനൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്നലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

ഇടിമിന്നലോടുകൂടിയ മഴയാണ് സംസ്ഥാനത്ത് നിലവിൽ ലഭിക്കുന്നത്. ഞായറാഴ്ചവരെ ഇത് തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. അതേസമയം പകൽ താപനില ഉയരാൻ സാധ്യതയുള്ള വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ (26 – 04 – 2025, 27 – 04 – 2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ഇടിമിന്നൽ സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ മഴക്കാർ കണ്ടുതുടങ്ങിയാൽ തന്നെ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് മാറണം. ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കുകയും വേണം.

