Kerala
സംസ്ഥാനത്ത് വേനല്‍ മഴ ശക്തം; വെള്ളക്കെട്ടിലും മിന്നലിലും വ്യാപക നാശം
തിരുവനന്തപുരം: അതിശക്തമായ വേനല്‍ മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി തെക്കന്‍ കേരളം. തോരാമഴയില്‍ തിരുവനന്തപുരത്ത് വീടുകളിലും റോഡിലും വെള്ളം കയറി. കൊല്ലത്തും പത്തനംതിട്ടയിലും ഇടവിട്ടുള്ള ശക്തിയായ മഴ തുടരുകയാണ്. കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. മുക്കോലയ്ക്കല്‍, അട്ടക്കുളങ്ങര, കുളത്തൂര്‍, ഉള്ളൂര്‍ എന്നിവിടങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറി. കാര്യവട്ടം ക്യാമ്പസിന് സമീപം റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിഴിഞ്ഞത്ത് വീടുകള്‍ക്കു മുകളിലേക്ക് ആല്‍മരം കടപുഴകി. മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
റെഡ് അലേര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോഴഞ്ചേരി, മല്ലപ്പള്ളി, അടൂര്‍, റാന്നി, തിരുവല്ല, കോന്നി താലൂക്കുകളിലാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. കളക്ട്രേറ്റിലും കണ്‍ട്രോള്‍ റൂം സജ്ജമായി. പമ്പ അച്ചന്‍കോവില്‍ മണിമല നദികളില്‍ ജലനിരപ്പ് അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഇന്ന് രാവിലെ തുടങ്ങിയ മഴയില്‍ കൊല്ലം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനിടെ കോഴിക്കോട് അരീക്കാട് ഇടിമിന്നലില്‍ വ്യാപക നാശനഷ്ടമുണ്ടായി.
ഇടിമിന്നലില്‍ വീടിന് തീപിടിച്ചു. പുളിക്കല്‍ത്താഴം റോഡ് നളിനിയുടെ വീടിനാണ് തീപിടിച്ചത്. നിരവധി വീടുകളിലെ ഇലക്ട്രിക് വയറിങ് തകരാറിലായി. കെഎസ്ഇബി ഹൈ ടെന്‍ഷന്‍ ലൈനിന് താഴെയുള്ള വീടുകള്‍ക്കാണ് തകരാറുണ്ടായത്. കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ചോര്‍ന്നൊലിക്കുകയാണ്. കനത്ത മഴയില്‍ സീലിംഗ് അടര്‍ന്ന് വീണാണ് ചോര്‍ച്ചയുണ്ടായത്. ആലപ്പുഴ തകഴി ഫയര്‍ ഫോഴ്‌സ് സ്റ്റേഷനിലും വിശ്രമമുറിയിലും ശുചിമുറിയിലും വെള്ളം കയറി. സ്റ്റേഷന് മുന്നിലെ റോഡ് ഉയര്‍ത്തിയതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല. ഇതേ തുടര്‍ന്നാണ് വെള്ളം കയറിയത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.