India
പാർട്ടി ചരിത്രത്തിൽ ഇതാദ്യം; രാഹുലും ഖാർഗെയും ഇന്ന് ജമ്മുവിൽ; കശ്മീർ പിടിക്കാനുറച്ച് കോൺഗ്രസ്
ജമ്മു: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങിത്തുടങ്ങി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രണ്ടുദിവസം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ജമ്മു കശ്മീരിൽ ചെലവഴിക്കും. ഇന്നും നാളെയുമായി ഇരുവരും പ്രധാനപ്പെട്ട നേതാക്കളുമായി ചർച്ചകൾ നടത്തും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സർവ്വസജ്ജമാക്കാനാണ് ഇരുവരുടെയും സന്ദർശനം. ഇന്ന് ജമ്മുവിലെത്തി പ്രധാനപ്പെട്ട നേതാക്കളെ കാണുന്ന രാഹുലും ഖാർഗെയും നാളെ ശ്രീനഗറിലേക്ക് തിരിക്കും. എല്ലാ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ട ശേഷം കൂടുതൽ വിശാലമായ തെരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും. നേരത്തെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീർ, ഹരിയാന, ഉടൻ തിരഞ്ഞെടുപ്പ് നടക്കാനുള്ള മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായി ദേശീയ നേതൃത്വം ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഹുലിന്റെയും ഖാർഗെയുടെയും ജമ്മു കശ്മീർ സന്ദർശനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ ഇൻഡ്യ സഖ്യം കൂടുതൽ ശക്തി പ്രാപിക്കണമെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇരു നേതാക്കളുടെയും ഈ കശ്മീർ സന്ദർശനത്തിൽ ഇൻഡ്യ സഖ്യകക്ഷികളായ നാഷണൽ കോൺഫറൻസിൻ്റെ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പിഡിപിയുടെ മെഹബൂബ മുഫ്തി എന്നിവരുമായി ചർച്ചകളുണ്ടാകുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ആഗസ്റ്റ് 16നാണ് ജമ്മു കശ്മീർ, ഹരിയാന ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്. 2014 ൽ പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു ജമ്മു കാശ്മീരിൽ ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്.