Kerala
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ആലപ്പുഴയിൽ പാർട്ടി കളത്തിലിറക്കുമോ
കൊച്ചി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ആലപ്പുഴയിൽ പാർട്ടി കളത്തിലിറക്കുമോ എന്നാണ് ഇപ്പോൾ ചർച്ച. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴയുടെ മുൻ എംപിയുമായ കെ.സി.വേണുഗോപാൽ തന്നെ സാധ്യതാപട്ടികയിൽ ഇപ്പോഴും ഒന്നാമൻ. കഴിഞ്ഞവട്ടവും മണ്ഡലത്തിൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു കെസി വേണുഗോപാലിന്റേത്. എന്നാൽ അവസാനവട്ടം മത്സരരംഗത്ത് നിന്ന് സംഘടനാ പ്രവർത്തനത്തിന്റെ തിരക്കുകളും, ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയായിരുന്നു.
ഇക്കുറിയും ആലപ്പുഴ മണ്ഡലത്തിൽ കെസിയുടെ പേര് തന്നെയാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ കെസി വേണുഗോപാൽ ഇതുവരെയും തന്റെ മനസ് തുറന്നിട്ടില്ല. ഇക്കുറി ഇന്ത്യ സഖ്യത്തിന്റെ ചുമതകൾ കൂടി വഹിക്കേണ്ട സാഹചര്യമുള്ളതിനാൽ കെസി മത്സര രംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ കോൺഗ്രസിലെ യുവരക്തങ്ങളിൽ ഒന്നായ രാഹുൽ മാങ്കൂട്ടത്തിലിന് ഇവിടെ നറുക്ക് വീണേക്കും. കഴിഞ്ഞ തവണ ആറന്മുള നിയമസഭാ മണ്ഡലത്തിൽ അവസാനം വരെ രാഹുലിന്റെ പേര് പരിഗണിച്ചിരുന്നു. ഒടുവിൽ സീറ്റ് നൽകിയില്ല. അന്ന് പാർട്ടിയുടെ ചാനൽ ചർച്ചകളിലെ പരിചിത മുഖം മാത്രമായിരുന്നു രാഹുൽ.
എന്നാൽ ഇന്ന് കാലം മാറി. പിണറായി വിജയന്റെ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട്, നേരിട്ട് സർക്കാരിനെതിരെ സമരം നയിക്കുന്ന തരത്തിലേക്ക് വളർന്ന രാഹുലിനെ കോൺഗ്രസ് കണ്ടില്ലെന്ന് നടിച്ചേക്കില്ല. പക്ഷേ, ഇതൊക്കെയും മണ്ഡലത്തിലെ മുൻ എംപി കൂടിയായിരുന്ന കെസി വേണുഗോപാലിന്റെ തീരുമാനത്തിന് അനുസൃതമായിരിക്കും.
നേരത്തെ, മണ്ഡലത്തിൽ സിനിമാ താരം സിദ്ദിഖ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അതിലൊന്നും പ്രതികരിക്കാൻ പാർട്ടി ഇതുവരെ തയാറായിട്ടില്ല. കെസി മത്സരിക്കുന്നില്ലെങ്കിൽ രാഹുൽ എത്തുമെന്നാണ് വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷ. അന്തിമ സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ മാത്രമേ ആലപ്പുഴ മണ്ഡലത്തിലെ മത്സര ചിത്രം പൂർണമായും വ്യക്തമാകൂ.
അതിനിടെ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ജില്ലയിൽ ഡിസിസിയുടെ വാർ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എഐസിസി നിർദ്ദേശപ്രകാരമാണ് നടപടി. ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി പ്രചാരണ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് വാർ റൂമിന്റെ ലക്ഷ്യം. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ചിട്ടപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.