India

അമേഠിയില്‍ രാഹുൽ ​ഗാന്ധി മത്സരിക്കുമോ? റായ്ബറേലിയില്‍ ആര്?; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

Posted on

ന്യൂഡൽഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം ഇന്ന്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകിട്ട് യോഗം ചേരും. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള എല്ലാ മണ്ഡലങ്ങളുടെയും കാര്യത്തിൽ ചർച്ചകൾ നടക്കും. മത്സര സാധ്യത തള്ളാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധി തന്നെയാകും അമേഠിയിലെ സ്ഥാനാർത്ഥി എന്നാണ് സൂചന. രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഴുവൻ കണ്ണുകളും അമേഠി, റായ്ബറേലി മണ്ഡലങ്ങളിലാണ്.

ഇന്ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിൽ തീരുമാനം ഉണ്ടാകും. രാഹുൽ ഗാന്ധി തന്നെയാകും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. അങ്ങനെ വന്നാൽ മെയ് 2 ന് രാഹുൽ നാമനിർദ്ദേശ പത്രിക നൽകും. രാഹുലിനായി ഉത്തർ പ്രദേശ് പിസിസി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. അമേഠിക്കായി അവകാശവാദം ഉന്നയിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ പ്രസ്താവനകളിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.

അമേഠിയിൽ ഇത്തവണയും മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണത്തിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. തീരുമാനം പ്രിയങ്കയ്ക്ക് വിട്ടു എങ്കിലും കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പ്രിയങ്ക മത്സരിക്കണം എന്ന് ആവശ്യപ്പെടും. ഉത്തർ പ്രദേശ് പിസിസിയുടെ ആവശ്യവും പ്രിയങ്ക വരണം എന്നാണ്. റായ്ബറേലിയിൽ ബിജെപിയും ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version