Kerala

റായ്ബറേലിയോ വയനാടോ?; കടുത്ത ധര്‍മ്മസങ്കടത്തിലെന്ന് രാഹുല്‍ഗാന്ധി

മലപ്പുറം: എതു സീറ്റ് ഒഴിയണമെന്ന കാര്യത്തില്‍ താന്‍ ധര്‍മ്മസങ്കടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എംപിയായി റായ്ബറേലിയില്‍ തുടരണോ, വയനാട്ടില്‍ തുടരണോ എന്നതില്‍ ധര്‍മ്മ സങ്കടത്തിലാണ്. ഏതു മണ്ഡലം ഒഴിഞ്ഞാലും ഒപ്പമുണ്ടാകും. തന്റെ ദൈവം വയനാട്ടിലെ ജനങ്ങളാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിലെ എടവണ്ണയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കുന്നത് ദൈവമാണെന്ന് പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയല്ല. വെറുമൊരു സാധാരണക്കാരനാണ്. പരമാത്മാവ് ആണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് മോദി പറയുന്നത്. വിചിത്രമായ പരമാത്മാവിനെക്കുറിച്ചാണ് മോദി പറയുന്നത്. ഈ പരമാത്മാവ് എല്ലാ തീരുമാനങ്ങളും അദാനിക്കും അംബാനിക്കും വേണ്ടിയാണ് എടുപ്പിക്കുന്നതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ നടത്തിയത്. ഭരണഘടന ഇല്ലാതായാല്‍ പാരമ്പര്യം ഇല്ലാതാകും. ഭരണഘടനയെ തൊട്ടുകളിക്കരുതെന്ന് ജനം പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തി. ധാര്‍ഷ്ട്യത്തെ വിനയം കൊണ്ട് വോട്ടര്‍മാര്‍ തോല്‍പ്പിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളാണ് തന്റെ ദൈവം. വയനാട്ടിലെ ജനങ്ങളാണ് എന്റെ ദൈവം. അതുകൊണ്ടു തന്നെ എന്തു തീരുമാനമെടുക്കണമെന്ന് വയനാട്ടിലെ ജനങ്ങളോട് ചോദിക്കുന്നു. എന്തു തീരുമാനമെടുത്താലും വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്ക് സന്തോഷം പകരുന്നതായിരിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top