Kerala

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും പ്രതിചേർക്കും

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും പ്രതിചേർക്കും. ഇവർക്കെതിരെ സ്ത്രീധന കുറ്റം ചുമത്തും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കേസിൽ കൂട്ടുപ്രതിയായ രാഹുലിൻ്റെ സുഹൃത്ത് രാജേഷിന് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാജേഷിന് ജാമ്യം നൽകിയത്. പൊലീസിന് ജാമ്യം നൽകാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശൻ വാദിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ് രാജേഷ്. രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് രാജേഷാണെന്നും ബാംഗ്ലൂർ വരെ ഒരുമിച്ച് സഞ്ചരിച്ചെന്നും പൊലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാൻ രാഹുലിന് ടിക്കറ്റ് എടുത്ത് നൽകിയതും രാജേഷാണ്. രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.

താൻ വിദേശത്താണെന്നും എന്നാൽ രാജ്യം ഏതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴിയാണ് പ്രതി ജർമനിയിലേക്ക് കടന്നത് എന്നാണ് വിവരം. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. അന്താരാഷ്ട്ര എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു. ജർമനിയിൽ നിന്ന് രാഹുൽ ഫോൺ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top