കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു. രാഹുല്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്നാണ് വിവരം.
നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍പഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.