തിരുവനന്തപുരം: മെഡിക്കൽ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. രേഖ വ്യാജമെന്ന് തെളിയിച്ചാൽ മാപ്പ് പറയാം. അല്ലെങ്കിൽ എംവി ഗോവിന്ദൻ മാപ്പ് പറയുമോ എന്നും രാഹുൽ ചോദിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പരിശോധനക്കിടെ ആര്‍എംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിര്‍ദ്ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയത്. രക്തസമ്മര്‍ദ്ദം 160 ഉണ്ടായിട്ടും മെഡിക്കൽ റിപ്പോര്‍ട്ടിൽ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്നമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി. നോട്ടീസ് പോലും തരാതെയാണ് തന്നെ അറസ്റ്റ് ചെയ്തത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.