കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസില്‍ പ്രതികള്‍. കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാനകാര്യം.

