India
രാഹുലിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ശിവസേന എംഎല്‍എ കുടുങ്ങും; കേസെടുത്ത് പോലീസ്
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപ കൊടുക്കുമെന്ന് പറഞ്ഞ ശിവസേന(ഷിൻഡെ) എംഎൽഎ സഞ്ജയ് ഗെയ്ക്ക്വാദിനെതിരെ കേസ്. വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നതിന് പിന്നാലെയാണ് ബുല്‍ധാന പോലീസ് കേസ് എടുത്തത്.
“അമേരിക്കയില്‍ വച്ച് ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി. രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകും. -“ഗെയ്ക്ക്‌വാദ് പറഞ്ഞു.
ഗെയ്ക്ക്‌വാദിൻ്റെ പരാമർശത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിലപാട് വ്യക്തമാക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ രംഗത്തുവന്നിരുന്നു. ശിവസേനയുടെ എംഎല്‍എയുടെ വിവാദ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞത്.
ഗെയ്ക്ക്വാദിന് വിവാദങ്ങൾ പുത്തരിയല്ല. കഴിഞ്ഞ മാസം എംഎൽഎയുടെ കാർ കഴുകുന്ന പോലീസുകാരൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതിനെത്തുടർന്ന് പോലീസുകാരൻ തന്നെ വാഹനം വൃത്തിയാക്കുകയായിരുന്നുവെന്നാണ് ഗെയ്ക്ക്‌വാദ് വിശദീകരിച്ചത്.