ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോക്കോള്‍.
ചെങ്കോട്ടയിലെ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി താരങ്ങള്‍ക്കൊപ്പം നാലാം നിരയിലാണ് രാഹുല്‍ഗാന്ധിക്ക് സീറ്റ് അനുവദിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിയെന്ന വിമര്‍ശനം ഉയര്‍ന്നത്.
സര്‍ക്കാരിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് എന്ന പദവിയെ അപമാനിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വിശദീകരണം.