ഡൽഹി: 18 വർഷത്തെ ജനപ്രതിനിധിയായുള്ള തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും ബിജെപി പ്രവർത്തനകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് ചന്ദ്രശേഖർ, കോൺഗ്രസിന്റെ ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പിന്മാറ്റം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം മോദിയെ അനുമോദിച്ചുകൊണ്ടുള്ള ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണക്കത്തിനൊപ്പമാണ് അദ്ദേഹം അനുമോദനവും പങ്കുവച്ചത്.