ചെന്നൈ: വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം. ആര്‍ എന്‍ രവിയെ നീക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ അക്കാദമിക് സമൂഹം രംഗത്തെത്തി. സംഭവത്തില്‍ ഡിഎംകെയും കോണ്‍ഗ്രസും സിപിഐയും നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മധുരയിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ നടന്ന പരിപാടിയിലാണ് ആര്‍ എന്‍ രവി വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. കമ്പ രാമായണം രചിച്ച കവിയെ ആദരിക്കുന്നതിനായി അദ്ദേഹം വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
‘ഈ ദിവസം, ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന അദ്ദേഹത്തിന് നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഞാന്‍ പറയും, നിങ്ങള്‍ ജയ് ശ്രീറാം എന്ന് ഏറ്റുപറയണം’ എന്നായിരുന്നു ആര്‍ എന്‍ രവി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

