Politics

പിവി അൻവറിൻ്റെ പൊളിറ്റിക്കൽ ഡിഎൻഎ പരിശോധിക്കണം; സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു

Posted on

പാലക്കാട്: പി വി അൻവറിൻ്റെ പൊളിറ്റിക്കൽ ഡിഎൻഎ പരിശോധിക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഒരു നിലവാരവുമില്ലാത്ത ആരോപണങ്ങളാണ് അൻവറിൻ്റേത്. അൻവർ പിച്ചും പേയും പറയുകയാണ്. സിപിഐഎമ്മിന്റെ രാഷ്ട്രീയ എതിരാളിയാവാനുള്ള ഒരു അർഹതയും അൻവറിനില്ലെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ചേലക്കരയിലും പാലക്കാടും സിപി ഐഎമ്മും ബിജെപിയും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റുണ്ടെന്നാണ് അന്‍വര്‍ ആരോപിച്ചത്.

പാലക്കാട് എൽഡിഎഫിൽ നിന്ന് കഴിഞ്ഞ കുറച്ചുകാലങ്ങൾക്കുള്ളിൽ വലിയ രീതിയിൽ വോട്ട് ചോർച്ചയുണ്ടായെന്നും ഈ വോട്ടുകൾ പോയത് ബിജെപിക്കാണെന്നും പി വി അൻവർ ആരോപിച്ചിരുന്നു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം വോട്ട് ചോർച്ചയുണ്ടാകുന്നുണ്ടെന്നും അൻവർ പറഞ്ഞിരുന്നു. കുറച്ചു കാലത്തിനുള്ളിൽ പാലക്കാട്‌ എൽഡിഎഫിന് ഇരുപതിനായിരം വോട്ടുകൾ കുറഞ്ഞു. എൽഡിഎഫ് വോട്ടുകളാണ് കുറഞ്ഞുവന്നത്. യുഡിഎഫ് വോട്ടുകൾ കുറഞ്ഞിട്ടില്ല. ബിജെപിയുടെ വോട്ട് കൂടുകയും ചെയ്തു. പാലക്കാട്‌ വലിയ വിഭാഗീയതകൾ ഒന്നും ഉണ്ടാകാതെ എങ്ങനെയാണ് എൽഡിഎഫിന് വോട്ട് കുറഞ്ഞതെന്നും എംഎൽഎ ചോദിച്ചിരുന്നു. ഇതിനോടാണ് ഇ എൻ സുരേഷ് ബാബുവിൻറെ പ്രതികരണം.

പി വി അൻവറിന്റെ പ്രസ്താവനക്കെതിരെ ബിജെപിയും രംഗത്തെത്തി. അൻവറിന്റെ ആരോപണങ്ങൾക്ക് സിപിഐഎമ്മാണ് മറുപടി പറയേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. എട്ട് വർഷം ഒപ്പമുണ്ടായിരുന്ന ആൾ സ്വർണ്ണക്കടത്തുകാരനാണെന്ന് സിപിഐഎം തന്നെ പറഞ്ഞതാണല്ലോ എന്നും കൃഷ്ണകുമാർ ചോദിച്ചു.

പാലക്കാട്‌ ആരൊക്കെ തമ്മിലാണ് അഡ്ജസ്റ്റ്മെന്റന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. എല്ലാകാലത്തും പാലക്കാട്‌ കോൺഗ്രസിന് സിപിഐഎമ്മിൻ്റെ വോട്ട് കിട്ടാറുണ്ട്. കഴിഞ്ഞ തവണ ഇ ശ്രീധരൻ തോറ്റപ്പോൾ കോൺഗ്രസുകാരെക്കാൾ സന്തോഷം സിപിഐഎമ്മുകാർക്കായിരുന്നു. എ കെ ബാലൻ ഷാഫിയെ അഭിനന്ദിച്ച് എഫ്ബി പോസ്റ്റ് ഉൾപ്പെടെ ഇട്ടിരുന്നു. പാലക്കാട്ട് യഥാർത്ഥത്തിൽ ഡീൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലാണ്. ഇത്തവണ ഏറ്റവും ഉചിതമായ സ്ഥാനാർത്ഥിയെ നിർത്തി ബിജെപി മണ്ഡലം നേടുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version