Kerala
ഇതൊക്കെ ആളെ പറ്റിക്കുന്ന ഏര്‍പ്പാട്, ഞാന്‍ കോണ്‍ഗ്രസുകാരനാണല്ലോ; പരിഹസിച്ച് പി വി അന്‍വര്‍
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. 2024 ലെ ഏറ്റവും വലിയ തമാശയാണിത്. അതിന്റെ മറ്റൊരു എന്‍ഡ് ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അത്ഭുതമില്ല. കാര്യങ്ങളെല്ലാം ശരിയായ വഴിക്കാണ് നടക്കുന്നതെന്ന അഭിപ്രായവും ഇല്ല. ആളെ പറ്റിക്കാനുള്ള ഏര്‍പ്പാട് ആണിത്. മറ്റൊന്നും പറയാനില്ലെന്നും പി വി അന്‍വര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. താങ്കള്‍ കൂടി ഭാഗമായ ഇടതുമുന്നണിയുടെ ഭാഗമായ സര്‍ക്കാരല്ലേ ഉത്തരവിടുന്നതെന്ന ചോദ്യത്തോട് ‘ഞാന്‍ ഇടതുമുന്നണിയില്‍ ഉണ്ടോയെന്ന് അറിയില്ല. കോണ്‍ഗ്രസുകാരനാണല്ലോ? എന്തുചെയ്യും’ എന്ന പരിഹാസ മറുപടിയാണ് എംഎല്‍എ നല്‍കിയത്.
പൂരം പൊലീസ് കലക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. സൂക്ഷിക്കണമെന്ന് നേരത്തെ പറഞ്ഞതല്ലേ. സുനില്‍ കുമാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. പൂരം കലക്കിച്ചതാണ്. ഇടതിനോ കോണ്‍ഗ്രസിനോ കിട്ടേണ്ട വോട്ടുകള്‍ ബിജെപി പെട്ടിയില്‍ ഉറപ്പിച്ചശേഷമാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ വിശ്രമിച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ കൈമാറിയ റിപ്പോര്‍ട്ട് തള്ളി കൊണ്ടാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
എഡിജിപി ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്. എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു ഡിജിപി റിപ്പോര്‍ട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. തൃശൂര്‍ പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വിഷയം ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്.