തൻ്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി പറഞ്ഞിട്ടും അതിൽ നിന്നും പിന്നോട്ടില്ലെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എംആർ അജിത് കുമാറിനുമെതിരെയുമുള്ള കടന്നാക്രമണം ശക്തമാക്കിയാണ് ഇടത് എംഎൽഎയുടെ മറുപടി. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വായിച്ചത് പറഞ്ഞത് എംആർ അജിത് കുമാറിന്റെ പ്രസ്താവനയാണ്. മുഖ്യമന്ത്രിയെ താൻ തള്ളി പറയില്ല. സ്വർണക്കടത്ത് സംഘത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞത് എഡിജിപിയായിരുന്നു. പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാൻ ഞാൻ ഇല്ല. തന്നെ ചവിട്ടിപ്പുറത്താക്കിയാലും പിണറായിയെ തള്ളിപ്പറയില്ല.
തനിക്ക് ഇടത് പശ്ചാത്തലമില്ലെന്നും കോൺഗ്രസിൽ നിന്നുമാണ് വന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും അൻവർ തിരിച്ചടിച്ചു. ഇഎംഎസ് ആരായിരുന്നു, പഴയ കോൺഗ്രസുകാരനായിരുന്നില്ലേ. അദ്ദേഹം എങ്ങനെ സഖാവ് ഇഎംഎസ് ആയെന്നും നിലമ്പൂർ എംഎൽഎ ചോദിച്ചു. തന്നെ പാർട്ടിക്ക് വേണ്ടങ്കിൽ വേറെ വഴിതേടും. അക്കാര്യം പാർട്ടി വ്യക്തമാക്കട്ടെ. പാർട്ടിക്ക് വേണ്ടെന്ന് തോന്നുന്നത് വരെ താൻ പാർട്ടിയിൽ നിന്ന് പോരാടും. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നു. അതുകൊണ്ടായിരിക്കാം മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഇടത് എംഎൽഎ പറഞ്ഞു.
മുമ്പ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു പി ശശിയ ഏത് ഏത് സാഹചര്യത്തിലാണ് പുറത്താക്കിയതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ സാഹചര്യത്തില്‍ ഒരടി പോലു ശശി ഇപ്പോഴും മാറിയിട്ടില്ല. അതിലും മോശമാണെന്ന് ഇപ്പോഴത്തെ അവസ്ഥയെന്നും ഇടത് എംഎൽഎ കുറ്റപ്പെടുത്തി. പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അദ്ദേഹത്തിന്റെ വിശ്വാസം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.