Kerala
എംഎല്‍എയെ ‘വേണ്ടവിധം’ ബഹുമാനിക്കാത്ത എസ്പിയെ ‘ഇരുത്തിപ്പൊരിച്ച്’ പിവി അന്‍വര്‍; ഭാവുകം നേര്‍ന്ന് വേദിവിട്ട് മലപ്പുറം എസ്പി ശശിധരന്‍
മലപ്പുറം ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനമാണ് ഭരണപക്ഷത്തെ പ്രമുഖന്‍ പോലീസിലെ ഉന്നതനെ പരസ്യമായി അധിക്ഷേപിക്കാനുള്ള വേദിയാക്കിയത്. മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന് പേരെടുത്ത എസ്.ശശിധരനാകട്ടെ, മറുപടി പറയാന്‍ നില്‍ക്കാതെ വേദിവിട്ടു. ഏതാണ്ട് ഒരുവര്‍ഷം മുന്‍പാണ് എസ്.ശശിധരന്‍ ജില്ലാ പോലീസ് മേധാവിയായി മലപ്പുറത്ത് എത്തിയത്.
മുഖ്യമന്ത്രിയടക്കം ഭരണപക്ഷത്തെ പ്രമുഖരുടെയെല്ലാം കൈക്കോടാലിയായി നിന്ന് വാര്‍ത്തകളില്‍ നിറയുന്ന പിവി അന്‍വറിനെ ആ നിലയില്‍ എസ്പി പരിഗണിച്ചിട്ടില്ലെന്ന് എംഎല്‍എയുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. വാക്കുകള്‍ക്കിടയില്‍ അതിന്റെ രോഷം ഉണ്ട്. ’10 മണിക്കാണ് സമ്മേളനം എന്നാണ് അറിയിച്ചത്. 9.50ന് തന്നെ എത്തി. രണ്ട് ചായ കുടിച്ചു. അരമണിക്കൂറോളം കാത്തിരുന്നു. എസ്പി തിരക്ക് പിടിച്ച ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണ് താമസിച്ചതെങ്കില്‍ കുഴപ്പമില്ല. അവന്‍ അവിടെ ഇരിക്കട്ടെ, എന്ന് വിചാരിച്ചാണ് വൈകിയതെങ്കില്‍ നീതികേടാണ്. അത് അദ്ദേഹം ആലോചിക്കണം’ -എംഎല്‍എ പറഞ്ഞു.
മറ്റൊരു കാര്യം അന്‍വര്‍ പറഞ്ഞതാണ് ശ്രദ്ധേയം. തന്റെ പാര്‍ക്കില്‍ നിന്ന് വെള്ളി ചങ്ങലകള്‍ മോഷണം പോയതില്‍ ഒരു അന്വേഷണവും കാര്യക്ഷമായി നടത്താന്‍ എസ്പി നടപടി സ്വീകരിച്ചില്ലെന്ന്!! കൂടാതെ നാട്ടിലെ വികസനം എസ്പി മുടക്കുന്നുവെന്ന തരത്തിലാണ് എംഎല്‍എയുടെ മറ്റൊരു വിമര്‍ശനം. അമരമ്പലം പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ കുറച്ച് മണ്ണിടാന്‍ പോലും അനുവദിക്കുന്നില്ല. എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ നേരിട്ട് കണ്ട് പറഞ്ഞിട്ടും നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് മുടക്കി. ഇങ്ങനെ പോയി എസ്പിക്കെതിരെ എംഎല്‍എയുടെ പരാതികള്‍.
തന്റെ വിമര്‍ശനം സര്‍ക്കാര്‍ താല്‍പര്യം മുന്‍നിര്‍ത്തിയെന്ന പ്രതീതി സൃഷ്ടിക്കാന്‍, ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുകയാണ്, ഇത് കേന്ദ്രത്തിന് വേണ്ടിയാണ്, എന്നുകൂടി കൂട്ടിച്ചേര്‍ത്തു പിവി അന്‍വര്‍. എസ്പി പരിധിവിട്ട് പ്രവര്‍ത്തിക്കുന്നെങ്കില്‍ പോലീസിലെ ഉന്നതരെയോ ആഭ്യന്തരവകുപ്പിനെയോ തന്നെ ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ശേഷിയും സ്വാധീനവുമുള്ള എംഎല്‍എയുടെ പൊതുവേദിയിലെ വിമര്‍ശനം പോലീസ് വൃത്തങ്ങളില്‍ കടുത്ത രോഷമുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ശശിധരനെ പോലെയൊരു ഉദ്യോഗസ്ഥന്‍ ഈവിധം അപമാനിക്കപ്പെടാന്‍ പാടില്ല എന്ന വികാരമാണ് ഉള്ളത്.
ചടങ്ങില്‍ മുഖ്യപ്രഭാഷകനായി നിശ്ചയിച്ചിരുന്ന എസ്പി തന്റെ ഊഴത്തില്‍ എഴുന്നേറ്റ് പ്രസംഗപീഡത്തിലെത്തി എംഎംഎ അടക്കം വേദിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും സംബോധന ചെയ്തു. എന്നാല്‍ പ്രസംഗം ഒറ്റവരിയില്‍ അവസാനിപ്പിച്ചു. എസ്പിയുടെ തിരക്കിനെ വിമര്‍ശിച്ച അന്‍വര്‍ ഇരിക്കെ, താന്‍ അല്‍പം തിരക്കിലാണെന്ന് തന്നെ വീണ്ടും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ അല്പം തിരക്കിലാണ്. അതുകൊണ്ട് പ്രസംഗിക്കാനുള്ള മൂഡിലല്ല. എല്ലാ ഭാവുകങ്ങളും നേരുന്നു’ -ഇത്ര മാത്രം പറഞ്ഞ് വേദി വിടുകയായിരുന്നു.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ക്രൂരകൊലപാതകം, പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കേസ് തുടങ്ങിയവയുടെ അന്വേഷണത്തിൽ ശശിധരൻ്റെ പങ്ക് നിർണായകമായിരുന്നു. എസ്‌ഐ ആയി തുടങ്ങി എസ്പി വരെയായി എത്തിനില്‍ക്കുന്ന കരിയറില്‍ ഇതുവരെ ഒരു പേരുദോഷത്തിനും ഇടംകൊടുത്തിട്ടുമില്ല. ഈ ട്രാക്ക് റെക്കോര്‍ഡ് പരിഗണിച്ച് ഇടത് സര്‍ക്കാര്‍ ഐപിഎസ് നല്‍കിയ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പൊതുവേദിയില്‍ ഭരണപക്ഷ എംഎല്‍എയുടെ അധിക്ഷേപത്തിന് ഇരയായിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ആരെ തിരുത്തുമെന്നാണ് അറിയാനുള്ളത്.