Kerala

പി ശശിക്കെതിരെ പി വി അന്‍വര്‍ നല്‍കിയ പരാതി; പാർട്ടി പരി​ശോധിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പി വി അൻവറിന്റെ പരാതി പാർട്ടിയുടെ പരിഗണനയിലേക്ക്. പരാതി കിട്ടിയാൽ പരിശോധിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ ആവർത്തിച്ചു പറഞ്ഞത്. പി വി അൻവർ പരാതി എഴുതി നൽകിയ പശ്ചാത്തലത്തിൽ പാർട്ടി വിഷയം പരിശോധിക്കും.

പാർട്ടിക്ക് കിട്ടുന്ന പരാതികൾ കൃത്യമായി പരിശോധിക്കുന്ന സംഘടനാ രീതിയാണ് സിപിഐഎമ്മിന്റെതെന്ന് എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഇടത് എംഎൽഎ തന്നെ പരാതി എഴുതി നൽകിയ സാഹചര്യത്തിൽ എങ്ങനെ ഇത് പാർട്ടി കൈകാര്യം ചെയ്യും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇന്നലെയാണ് പി വി അന്‍വര്‍ എംഎല്‍എ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കിയത്. പി ശശിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇതുവരെ പി വി അന്‍വര്‍ തയ്യാറായിരുന്നില്ല. പി ശശിക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. പ്രത്യേക ദൂതന്‍ വഴിയാണ് പരാതി കൈമാറിയത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് പി ശശി. പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കിയത്. പി വി അന്‍വര്‍ നിരവധി തവണ ശശിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എഡിജിപിക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പമായിരുന്നു ശശിക്കെതിരെയുള്ള ആരോപണങ്ങളും. എഡിജിപിക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് പി ശശി ആണെന്നായിരുന്നു വിമര്‍ശനം.

തനിക്കൊരു ഭയവുമില്ലെന്നായിരുന്നു എംഎല്‍എയുടെ ആരോപണങ്ങളില്‍ പി ശശിയുടെ പ്രതികരണം.’ദ വീക്ക്’ മാസികയോടായിരുന്നു ശശിയുടെ പ്രതികരണം. ‘ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, പേടിയും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ ഞാന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഞാന്‍ ഇത്രയും ദൂരം എത്തിയിരിക്കുന്നു, അത് മതി’, പി ശശി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top