Crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Posted on

ചണ്ഡിഗഢ്: പഞ്ചാബിലെ ഫിറോസ്പൂരിലെ ഗുരുദ്വാരയില്‍ വച്ച് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകള്‍ കീറിയെന്നാരോപിച്ച് 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബന്ദല ഗ്രാമത്തിലാണ് ബക്ഷീഷ് സിംഗ് എന്ന 19കാരനെ ക്രൂരമായ അതിക്രമത്തിലൂടെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. ഗുരുദ്വാരയുടെ പരിസരത്ത് പ്രവേശിച്ച ശേഷം വിശുദ്ധ ഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിക്കളഞ്ഞുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ബക്ഷീഷ് സിംഗിനെ പിടികൂടി മര്‍ദിച്ചത്. എന്നാല്‍, ഞായറാഴ്ച രാവിലെ വരെ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്റെ വാദം.

കൈ പിറകില്‍ കെട്ടിയാണ് സിംഗിനെ മര്‍ദ്ദിച്ചത്. കൈകള്‍ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയില്‍ കിടക്കുന്ന സിംഗിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബക്ഷീഷ് സിംഗിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. പേജുകള്‍ വലിച്ചുകീറി രക്ഷപ്പെടാന്‍ ബക്ഷീഷ് ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഗുരുദ്വാരയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍, ബക്ഷീഷിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അതിനുള്ള ചികിത്സയിലാണെന്നും പിതാവ് ലഖ്‌വീന്ദര്‍ സിങ് പറഞ്ഞു. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ അക്രമികള്‍ക്കെതിരെ കേസെടുക്കാതെ തന്റെ മകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിയില്‍ അദ്ദേഹം വേദന പ്രകടിപ്പിച്ചു. ശ്രീ ഗുരു ഗ്രന്ഥ സാഹിബ് സത്കര്‍ കമ്മിറ്റി ചെയര്‍മാന്‍ ലഖ്‌വീര്‍ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബക്ഷീഷ് സിംഗിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version