ജ്വല്ലറിയിൽ സ്വർണം നൽകി പണവുമായി മടങ്ങിയ കളക്ഷൻ ഏജൻ്റിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ പൾസർ സുനിയടക്കം ഒൻപത് പ്രതികളെ കോടതി വെറുതേ വിട്ടു. പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി നിക്സൺ എം ജോസഫിൻ്റെ ഉത്തരവ്. ജിതിൻ രാജു, ജെയിംസ് മോൻ, ബുള്ളറ്റ് സജി, സുബൈർ, രഞ്ജിത്ത്, നിധിൻ ജോസഫ്, ദിലീപ്, ടോം ജോസഫ് എന്നിവരായിരുന്നു മറ്റ് പ്രതികൾ. കേസിൽ രണ്ടാം പ്രതിയായിരുന്നു സുനി.
2014 മെയ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജ്വല്ലറിയിൽ നിന്നും ലഭിച്ച പണവുമായി കെഎസ്ആർടി ബസിൽ കോട്ടയത്തേക്ക് പോകുമ്പോൾ കിടങ്ങൂരിൽവച്ച് മുളക്പൊടി സ്പ്രേ പ്രയോഗിച്ച് നാലര ലക്ഷം രൂപ ഒന്നാം പ്രതി ജിതിൻ തട്ടിയെടുത്തു. ബസിൽ നിന്നും ഇറങ്ങിയ ഇയാൾ പിന്നാലെയുണ്ടായിരുന്ന സുനിയുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു എന്നതായിരുന്നു കേസ്.
കൃത്യമായി ആസൂത്രണം ചെയ്തത് അനുസരിച്ചു സുനി ബൈക്കിലും കൂട്ടാളികളായ നാലു പേർ കാറിലും ബസിനെ പിൻതുടരുന്നുണ്ടായിരുന്നു എന്നാണ് പോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ജ്വല്ലറി ജീവനക്കാർ ഉൾപ്പെടെ നാലു പേരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വിവരത്തെ തുടർന്നാണ് സുനി ഉൾപ്പെടെയുള്ള നാലു പേരെകൂടി പോലീസ് പിടികൂടിയത്. എന്നാൽ ഇവ ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രൊസീക്യൂഷന് കഴിഞ്ഞില്ല. സാക്ഷി മൊഴികളിലെ വൈരുധ്യവും പ്രതികൾക്ക് അനുകൂലമായി.
14 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കൊള്ള, കൊള്ള മുതൽ സൂക്ഷിച്ചു, തെളിവ് നശിപ്പിച്ചു, ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്നീ കുറ്റങ്ങളായിരുന്നു വിട്ടയച്ചവർക്കെതിരെ ഉണ്ടായിരുന്നത്. പൾസർ സുനിക്ക് വേണ്ടി അഡ്വ.ലിതിൻ തോമസ് കോടതിയിൽ ഹാജരായി.