പത്തനംതിട്ട: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉൾപ്പെടെയുള്ളവർ കോൺഗ്രസ് പാർട്ടി വിട്ട് സിപിഐഎമ്മിൽ ചേർന്നാലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിൻ്റെ വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ഡിസിസി നേതൃത്വം. അതേ സമയം പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ് ഒരു കാരണവശാലും വിജയിക്കില്ലെന്ന് മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ്ജ് റിപ്പോർട്ടറിനോട് വ്യക്തമാക്കി. കോൺഗ്രസ് വിട്ട് പോകുന്ന നേതാക്കൾക്കൊപ്പം അണികൾ ഇല്ലെന്നാണ് ഡിസിസി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ഡിസിസി, കെപിസിസി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്നാണ് പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ്ജ് സിപിഐഎമ്മിൽ ചേരാൻ പോകുന്നത്. ഈ മാസം 16 ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനിൽ നിന്നും ബാബു ജോർജ്ജ് പാർട്ടി അംഗത്വം സ്വീകരിക്കും. ബാബു ജോർജ്ജിനോടൊപ്പം മുൻജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സജി ചാക്കോയും കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ബാബു ജോർജ്ജിനും സജി ചാക്കോയ്ക്കുമൊപ്പം അണികൾ ഇല്ലെന്നും പാർട്ടി വിട്ട് പോകുന്നവർ കോൺഗ്രസിന് ഭീഷണിയല്ലെന്നുമാണ് ഡിസിസി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അതേ സമയം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി യുഡിഎഫ് ഒരു കാരണവശാലും വിജയിക്കില്ലെന്ന് ബാബു ജോർജ്ജ് വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബാബു ജോർജ്ജ് പറഞ്ഞു